ഉത്തർപ്രദേശിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു ; കൊല്ലപ്പെട്ടത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതി
ആഗ്ര: യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുനിലാണ്(29) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സുനിലിന് വെടിയേറ്റത്.
കഴിഞ്ഞ ദിവസമാണ് താജ്ഗഞ്ച് പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുനിൽ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം പ്രതി ഫിറോസാബാദിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ സുനിൽ പൊലീസിന് നേരെ വെടിയുതിർത്തുവെന്നും ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സുനിലിന് വെടിയേറ്റതെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടർ വിശ്വജിത്തിന് വെടിയേറ്റു. പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെൺകുട്ടിയുടെ കുടുംബം നടത്തുന്ന ഒരു ഷൂ ഫാക്ടറിയിലാണ് സുനിൽ ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മുറിയിലെ ഡ്രമ്മിൽ ഒളിപ്പിച്ച ശേഷം പ്രതി ഒളിവിൽ പോയതായും പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ അവസാനമായി കണ്ടത് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചിപ്‌സ് വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ്. പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയ സംഘത്തിൽ സുനിലും ഉണ്ടായിരുന്നു. പ്രതി മുറി പൂട്ടി ഓടിപ്പോയപ്പോഴാണ് സംശയം തോന്നിയതെന്നും കുടുംബാംഗങ്ങൾ മുറി പൊളിച്ച് നോക്കിയപ്പോൾ ആണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.
.jpg)


