വിവാഹാഭ്യർഥന നിരസിച്ചു ; കർണാടകയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു


കർണാടക : കർണാടകയിലെ ബെലഗാവിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. 29കാരനായ പ്രശാന്ത് കുന്ദേക്കറാണ് ഐശ്വര്യ മഹേഷ് ലോഹറിനെ (20) വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കൊലപ്പെടുത്തിയത്. നാഥ് പൈ സർക്കിളിനടുത്തുള്ള വീട്ടിൽ വെച്ച് ഇയാൾ ഐശ്വര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പിന്നീട് പ്രതി സംഭവസ്ഥലത്ത് തന്നെ ആത്മഹത്യ ചെയ്തു. ഇയാൾ പെയിന്റിങ് തൊഴിലാളിയായിരുന്നു. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമവാസിയാണ് പ്രശാന്ത്. ഐശ്വര്യയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നേരത്തേ, പ്രശാന്ത് പെൺകുട്ടിയുടെ അമ്മയോടും മകളെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ പ്രശാന്ത് എത്തി വിവാഹാഭ്യർഥന നടത്തി. നിരസിച്ചപ്പോൾ പ്രശാന്ത് പോക്കറ്റിൽ നിന്ന് കത്തി എടുത്ത് യുവതിയുടെ കഴുത്ത് അറുക്കുകയായിരുന്നു.