നാലു വയസ്സുകാരനെ മർദ്ദിച്ചുകൊന്ന് ഓടയിൽ തള്ളിയ അമ്മയുടെ കാമുകൻ പിടിയിൽ
മുംബൈ: മിരാ ഭയന്ദറിൽ നാല് വയസ്സുകാരനായ ആൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഓടയിൽ വീണുണ്ടായ അപകടമരണമെന്ന് കരുതിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്. കുട്ടിയുടെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ചുകൊന്ന ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം ഓടയിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിയെ കാശിമിര പൊലീസ് അറസ്റ്റ് ചെയ്തു.
നീൽകമൽ നാക പ്രദേശത്തെ ഒരു തുറന്ന ഓടയിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീണ് മരിച്ചതാകാമെന്നാണ് ആദ്യം നാട്ടുകാരും പൊലീസും കരുതിയത്. എന്നാൽ, പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ തന്നെ സംഭവത്തിൽ ചില ദുരൂഹതകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അന്വേഷണത്തിന്റെ ദിശ മാറ്റാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ മഹാജൻ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തി. തുടർന്ന് മൃതദേഹം വിശദമായ പോസ്റ്റുമോർട്ടത്തിനും ഫോറൻസിക് പരിശോധനക്കുമായി അയച്ചു. കുട്ടി മരിച്ചത് ഓടയിലെ വെള്ളം ഉള്ളിൽച്ചെന്നല്ലെന്നും കടുത്ത ശാരീരിക മർദനത്തെ തുടർന്നാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയുടെ കാമുകനായ ജംഭു ശർമ്മ എന്ന നേപ്പാളിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
.jpg)

