തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

നേമം: തമ്പാനൂർ കെ.എസ്.ആർ.ടി.സി പ്രീ-പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വള്ളക്കടവ് ആറാട്ടുകടവ് ഗ്രൗണ്ടിന് സമീപം ടി.സി 35/128ൽ മുജീബ് റഹ്മാനെ (37)യാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്നിന് വൈകീട്ട് ഏഴരക്കാണ് സംഭവം. തമ്പാനൂർ ചൈത്രം ഹോട്ടലിന് മുൻവശം ഓട്ടോ ഒതുക്കി വീട്ടിലേക്ക് പോകാനായി നിന്ന കാരയ്ക്കാമണ്ഡപം സ്വദേശി അഷ്റഫിനെ ഇയാൾ ഉൾപ്പെട്ട നാലംഗ സംഘം ക്രൂരമായി മർദിക്കുകയും കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
വ്യക്തിപരമായ തർക്കങ്ങളാണ് ആക്രമണത്തിന് കാരണം. ഈ കേസിലെ പ്രതികളായ സുജിത്ത്, സച്ചു എന്നിവരെ പൊലീസ് സംഭവദിവസംതന്നെ പിടികൂടിയിരുന്നു. തമ്പാനൂർ എസ്.എച്ച്.ഒ ആർ. പ്രകാശ്, എസ്.ഐ മാരായ അരവിന്ദ്, മനോജ് കുമാർ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ എബിൻ ജോൺസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതികളിലൊരാളെ കൂടി പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.