ഒന്നിലധികം വോട്ടർ ഐ.ഡി കൈവശം വെച്ചെന്ന കേസ് ; നടൻ പ്രകാശ് രാജിന് ജാമ്യം അനുവദിച്ച് ബംഗളൂരു കോടതി

I want to see Pinarayi Vijayan in that chair for the next five years, Narendra Modi is the Reel Raja: Actor Prakash Raj

 ബംഗളൂരു: ഒന്നിലധികം സംസ്ഥാനങ്ങളിൽ വോട്ടർ ഐ.ഡി കാർഡുകൾ കൈവശം വെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ പ്രകാശ് രാജിന് ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. തനിക്കെതിരെ കോടതി പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് രാജ് നേരിട്ട് കോടതിയിൽ ഹാജരാവുകയായിരുന്നു. ബംഗളൂരുവിലെ 48-ാമത് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് വെള്ളിയാഴ്ച വിചാരണ നടപടികൾ പൂർത്തിയായത്. 4,000 രൂപയുടെ ക്യാഷ് ഷ്യൂറിറ്റി ബോണ്ട് നൽകിയതിനെത്തുടർന്നാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് നേരത്തെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറണ്ട് കോടതി ഈ നടപടിയിലൂടെ റദ്ദാക്കി.

2019ൽ അഭിഭാഷകനായ ദിലീപ് കുമാർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രകാശ് രാജിന് വോട്ടർ ഐ.ഡി കാർഡുകൾ ഉണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ നിയമപ്രകാരം ഒരു പൗരന് രാജ്യത്ത് ഒരിടത്ത് മാത്രമേ വോട്ടർ പട്ടികയിൽ പേരുണ്ടാകാൻ പാടുള്ളൂ. ഈ ചട്ടം ലംഘിച്ചുവെന്നാണ് ആരോപണം. നേരത്തെ വിഷയത്തിൽ പൊലീസ് നടപടിയെടുക്കാത്തതിനെത്തുടർന്ന് പരാതിക്കാരൻ ബംഗളൂരു സിറ്റി പൊലീസ് കമീഷണറെയും തെരഞ്ഞെടുപ്പ് കമീഷനെയും സമീപിച്ചിരുന്നു. അനുകൂലമായ നടപടി ലഭിക്കാത്തതിനെത്തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

അതേസമയം, കോടതിയിൽ നിന്നുള്ള സമൻസുകൾ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിഞ്ഞതെന്നും പ്രകാശ് രാജിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഇക്കാര്യം പരിഗണിച്ച്, വാറണ്ട് റദ്ദാക്കണമെന്ന അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. പ്രകാശ് രാജ് നേരിട്ട് കോടതിയിൽ ഹാജരായതോടെ ജാമ്യ നടപടികൾ പൂർത്തിയാക്കി കോടതി തുടർനടപടികൾ അവസാനിപ്പിച്ചു. 

Tags