നടപ്പാതയിൽ വീണുകിടന്ന വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു

google news
death

ബെംഗളൂരു : വൈറ്റ്ഫീൽഡിൽ നടപ്പാതയിൽ പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് യുവതിക്കും ഒമ്പതുമാസം പ്രായമുള്ള പെൺകുഞ്ഞിനും ദാരുണാന്ത്യം. എ.കെ.ജി. കോളനി സ്വദേശിനി സൗന്ദര്യ (23), മകൾ സുവിക്ഷ എന്നിവരാണ് മരിച്ചത്. സൗന്ദര്യ കുഞ്ഞിനെയുമെടുത്ത് അവരുടെ അമ്മയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ നടപ്പാതയിലെ വൈദ്യുതലൈനിൽ അറിയാതെ ചവിട്ടുകയായിരുന്നു. ഷോക്കേറ്റ് ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.ഞായറാഴ്ച രാവിലെ ആറോടെ ഹോപ് ഫാം ജങ്ഷനിലായിരുന്നു അപകടം.

സംഭവസ്ഥലത്ത് ട്രോളിബാഗും മറ്റുവസ്തുക്കളും ചിതറിക്കിടപ്പുണ്ടായിരുന്നു. നഗരത്തിന്റെ പലഭാഗങ്ങളിലും നടപ്പാതകളിൽ ഫൈബർ ഒപ്റ്റിക് കേബിളുകൾ വീണുകിടപ്പുണ്ടെന്നും ഇത്തരം കേബിളായിരിക്കുമെന്ന് കരുതിയാകാം യുവതി വൈദ്യുതലൈനിൽ ചവിട്ടിയതെന്നും പോലീസ് പറഞ്ഞു. തമിഴ്നാട് സ്വദേശിയായ സൗന്ദര്യയുടെ ഭർത്താവ് നെയ്‌വേലിയിൽ സ്വകാര്യകമ്പനിയിൽ ജീവനക്കാരനാണ്.

 സംഭവവുമായി ബന്ധപ്പെട്ട് വൈദ്യുതിവിതരണ കമ്പനിയായ ബെസ്‌കോമിന്റെ മൂന്ന് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതായി വൈറ്റ്ഫീൽഡ് ഡി.സി.പി. ഡോ. ശിവകുമാർ ഗുണരെ പറഞ്ഞു. ബെസ്‌കോം ഉദ്യോഗസ്ഥരുടെപേരിൽ പോലീസ് കേസെടുത്തു. കാഡുഗോടി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags