മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ

മൂവാറ്റുപുഴ: പോയാലിമല കാണാനെത്തിയ കോളജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ ഒരാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈറാണ് (22)അറസ്റ്റിലായത്. മുളവൂർ പോയാലി മല ഭാഗത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളജ് വിദ്യാർഥികളായ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അത് പ്രചരിപ്പിക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാളും ഇർഷാദ് എന്നയാളും ചേർന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. ഒളിവിൽപോയ ഇർഷാദിനായി അന്വേഷണം ഊർജിതമാക്കി. ഇയാൾക്കെതിരെ മൂവാറ്റുപുഴ സ്റ്റേഷനിൽ കഞ്ചാവ്, അടിപിടി കേസുകൾ നിലവിലുണ്ട്. ഇവർ ഇതിനുമുമ്പും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സൂചന ലഭിച്ചു.
മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ സലീമിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്ന് രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു, കെ.കെ. രാജേഷ്, ബേബി ജോസഫ്, എ.എസ്.ഐ പി.സി. ജയകുമാർ, സി.പി.ഒമാരായ അജിംസ്, സൂരജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.