ജ്യോതിഷത്തിന്റെയൂം ആത്മീയതയുടെയും മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 43 വർഷം തടവ്
മൂവാറ്റുപുഴ: ജ്യോതിഷത്തിന്റെയൂം ആത്മീയതയുടെയും മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ക്രൂരതയ്ക്ക് ഇരയാക്കിയ വ്യാജസിദ്ധന് കോടതി 43 വർഷത്തെ തടവുശിക്ഷ വിധിച്ചു. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ 2023-ൽ രജിസ്റ്റർ ചെയ്ത കേസിനാണ് ഇപ്പോൾ മൂവാറ്റുപുഴ പോക്സോ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കോലഞ്ചേരി കടമറ്റത്ത് വ്യാജപ്പേരിൽ ഒരു ജ്യോതിഷാലയം നടത്തി വരികയായിരുന്നു പ്രതിയായ അമീർ.
പേടി മാറ്റുന്നതിനായി ആണ് കുട്ടിയെ രക്ഷിതാക്കൾ ജ്യോതിഷാലയത്തിൽ എത്തിച്ചത്. വാടകയ്‌ക്കെടുത്ത കെട്ടിടത്തിലെ രഹസ്യ മുറിയിൽ പൂജ നടത്തുകയാണെന്ന് വ്യാജേന പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. പീഡനവിവരം പുറത്തറിഞ്ഞ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതോടെ അമീർ ഒളിവിൽ പോയി. തുടർന്ന് പുത്തൻകുരിശ് പോലീസ് പ്രതിയെ കാറിൽ പിന്തുടർന്നാണ് പിടികൂടിയത്. ഇയാളുടെ വ്യാജ കേന്ദ്രത്തിൽ നിന്നും വിഗ്രഹങ്ങളും പണവും പോലീസ് കണ്ടെടുത്തിരുന്നു. പുത്തൻകുരിശ് ഇൻസ്പെക്ടർ ആയിരുന്ന ടി. ദിലീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മൂവാറ്റുപുഴ ജില്ലാ സ്പെഷ്യൽ ജഡ്ജ് എ. സമീർ ആണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന കോടതിയിൽ ഹാജരായി. കെ. സജീവ്, മനോജ് കുമാർ, ബിജു ജോൺ, എ.എസ്.ഐ.മാരായ ചന്ദ്രബോസ്, ജിഷാ മാധവൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.
.jpg)

