മോൻസൻ മാവുങ്കലിന്റെ ആഡംബര കാറുകൾ പൊളിക്കാനായി കൊണ്ടുപോയി

monson mavungal

 പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആഡംബര കാറുകൾ പൊളിക്കാനായി കൊണ്ടുപോയി. ഒരു വർഷം മുമ്പ് ലേലം ചെയ്ത വാഹനങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മാറ്റുന്നത്. പോർഷെ, ബെൻസ്, ലാൻഡ് ക്രൂയിസർ, ലെക്സസ് ഉൾപ്പെടെയുള്ള ആറ് ആഡംബര കാറുകളാണ് നിലവിൽ ആലുവയിലേക്ക് മാറ്റുന്നത്. ഇതിൽ ഉൾപ്പെട്ട കാരവാൻ ബുധനാഴ്ച കൊണ്ടുപോകും. ഈ വാഹനങ്ങൾ ഉപയോഗിക്കാനോ സർവീസ് നടത്താനോ സാധിക്കാത്ത അവസ്ഥയിലായതിനാൽ, പൂർണമായും പൊളിച്ച് ആക്രിയാക്കി റീസൈക്കിൾ ചെയ്യുമെന്ന് കരാറുകാർ വ്യക്തമാക്കി.

ഗവൺമെന്റ് അംഗീകാരമുള്ള എം.എസ്.ടി.സി കമ്പനി വഴി ‘ലീഗൽ ഓക്ഷൻ എക്സ്ചേഞ്ച്’ 2025-ൽ ലേലത്തിൽ വാങ്ങിയ വാഹനങ്ങളുടെ കൂട്ടത്തിലുള്ളവയാണ് ഇവ. കോഴിക്കോട് സ്വദേശികൾ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് പിടിച്ചെടുത്തതായിരുന്നു ഈ വാഹനങ്ങൾ. മോൻസൻ മാവുങ്കൽ ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങളാണിവ.

പുരാവസ്തു വിൽപ്പനക്കാരനാണെന്ന് വിശ്വസിപ്പിച്ച് 2017 ജൂൺ മുതൽ 2020 നവംബർ വരെയുള്ള കാലയളവിൽ പത്തുകോടി രൂപ തട്ടിയെടുത്തുവെന്ന ആറുപേരുടെ പരാതിയിലാണ് മോൻസൻ മാവുങ്കൽ അറസ്റ്റിലായത്. മകളുടെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ ചേർത്തലയിലെ വീട്ടിലെത്തിയപ്പോഴാണ് ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത്. നിലവിൽ പോക്സോ കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതിയായ മോൻസൻ മാവുങ്കൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.

Tags