'ജിന്ന് മന്ത്രിച്ചൂതിയ അദ്ഭുത പഴം, ഒരു ഏത്തപ്പഴത്തിന് 2500 രൂപ വരെ' ; മലപ്പുറത്ത് വ്യാജ ചികിത്സാകേന്ദ്രം പൂട്ടിച്ച് നാട്ടുകാർ

jinnbanana

 ജിന്ന് മന്ത്രിച്ച പഴമെന്ന് പേരിൽ തട്ടിപ്പ് നടത്തിയ വ്യാജ ചികിത്സാകേന്ദ്രം പൂട്ടിച്ച് നാട്ടുകാർ. മലപ്പുറം തിരുനാവായയിൽ ജിന്ന് മന്ത്രിച്ച് ഊതിയ പഴം കഴിച്ചാൽ അദ്ഭുതങ്ങൾ നടക്കുമെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഒരു ഏത്തപ്പഴത്തിന് 2500 രൂപവരെയാണ് ഇവിടെ വാങ്ങിയിരുന്നത്.

ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന തിരുനാവായ കൊടയ്ക്കലിലെ 'ജിൻ മഹർ' എന്ന സ്ഥാപനമാണ് പൂട്ടിച്ചത്. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ ഇടപെട്ടത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകും, ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ സ്‌ഥാപനം നൽകിയിരുന്നത്.

'ജിന്ന്' ആയി വേഷമിട്ട ഒരാളുണ്ടായിരുന്നു സ്‌ഥാപനത്തിൽ. ഇയാളെ 'ജിന്ന്' ആയി അവതരിപ്പിച്ചാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. സ്പീക്കർ ബോക്സിലൂടെ അറബിയും ഉറുദുവും സംസാരിച്ചും ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെടുന്ന പഴം ലേലം വിളിച്ചാണ് ആളുകൾക്ക് നൽകിയിരുന്നത്.

തൊലി കളയാത്ത പഴം രണ്ടു കഷ്ണങ്ങളായി മുറിഞ്ഞിരിക്കുന്നത് കാണിച്ച് 'അദ്ഭുത പഴം' എന്ന പേരിലാണ് 1000 രൂപയിൽ തുടങ്ങി 2500 രൂപ വരെ വിലയിട്ട് ഇവർ കൊടുത്തിരുന്നത്. നാലുമാസം മുമ്പ് ആരംഭിച്ച ഈ സ്ഥാപനം തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് പ്രവർത്തിച്ചിരുന്നത്. ആഴ്ച‌കൾ കഴിയുംതോറും വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്.

Tags