കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

KOZHIKKODE MDMA ARREST

കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം കിഴക്കേതലയിൽ വെച്ചാണ് സംഘം പിടിയിലായത്. ​മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി. ഷബീർ (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മിനു ജാസ്മിൻ അറിയപ്പെടുന്ന ഒരു യൂട്യൂബറാണ്. 

എംഡിഎംഎ വിൽപനയ്ക്കായി സംഘം കാറിൽ കിഴക്കേതലയിൽ എത്തിയിട്ടുണ്ടെന്ന ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. സംഭവം അറിഞ്ഞ് യൂട്യൂബറെ കാണാൻ വൻ ജനാവലിയാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. മഫ്തിയിൽ എത്തിയ പൊലീസുകാർ ഇവരെ നിരീക്ഷിക്കുകയും ലഹരി കൈമാറ്റത്തിനാണ് ഇവർ എത്തിയതെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം സംഘത്തെ വളയുകയായിരുന്നു. 

ആദ്യം നടത്തിയ പരിശോധനയിൽ കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും, തുടർന്ന് നടത്തിയ പരിശോധനയിൽ നാല് പേരുടെയും വസ്ത്രങ്ങൾക്കിടയിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ലഹരി തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കവറുകളും ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാട്ടുകാരുടെ കൃത്യമായ ജാഗ്രതയും ഇടപെടലുമാണ് പ്രതികൾ കുടുങ്ങാൻ കാരണമായത്.

Tags