കോഴിക്കോട് രണ്ടിടങ്ങളിൽനിന്നായി എം.ഡി.എം.എയുമായി രണ്ടു യുവാക്കളും യുവതിയും പിടിയിൽ


കോഴിക്കോട്: രണ്ടിടങ്ങളിൽനിന്നായി എം.ഡി.എം.എയുമായി രണ്ടു യുവാക്കളും യുവതിയും പിടിയിൽ. ഇവരിൽനിന്ന് 50.950 ഗ്രാം എം.ഡി.എം.എ പിടികൂടി. അരക്കിണർ സ്വദേശി ചാക്കിരിക്കാട് പറമ്പ് കെ.പി ഹൗസിൽ കെ.പി. മുനാഫിസ് (29), തൃശൂർ സ്വദേശി ചേലക്കര അന്ത്രോട്ടിൽ എം.കെ. ധനൂപ് (26), ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരാണ് പിടിയിലായത്.
മാവൂർ റോഡ് മൃഗാശുപത്രിക്ക് സമീപമുള്ള റോഡിൽനിന്നാണ് 14.950 ഗ്രാം എം.ഡി.എം.എയുമായി മുനാഫിസിനെ പിടികൂടുന്നത്. എം.ടെക് വിദ്യാർഥിയും ബംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണിയുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കേസിൽ നാലര വർഷം ദുബൈ ജയിലിലും എട്ടുമാസം ബംഗളൂരു ജയിലിലും തടവിലായിരുന്നു. അരയിടത്തുപാലത്തെ സ്വകാര്യ ലോഡ്ജിൽനിന്നാണ് 36 ഗ്രാം എം.ഡി.എം.എയുമായായി ധനൂപും അതുല്യയും പിടിയിലായത്. ധനൂപിനെതിരെ ബംഗളൂരുവിലും മയക്കുമരുന്ന് കേസുണ്ട്.
രണ്ടുമാസം മുമ്പാണ് ജയിലിൽനിന്നിറങ്ങിയത്. നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർമാരായ എൻ. ലീല, സാബുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.