മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെ മോഷണം ; പ്രതി പിടിയിൽ
മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ ബിഷ്ണു മണ്ഡലിനെയാണ് (24) കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
പൈങ്ങോട്ടൂർ പഞ്ചായത്തിലെ മടത്തോത്തുപാറ ഭാഗത്തെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽനിന്ന് അരലക്ഷത്തോളം രൂപ വിലവരുന്ന വയറിങ് കേബിളുകൾ മുറിച്ച് കടക്കുകയായിരുന്നു. മൂവാറ്റുപുഴ കൊച്ചങ്ങാടി ഭാഗത്തെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയതാണ് പ്രതി. പകൽ റൂമിൽ ഉറങ്ങി രാത്രി പുറത്തിറങ്ങിയാണ് മോഷണം നടത്തിവന്നിരുന്നത്. നിർമാണം നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്.
പൈങ്ങോട്ടൂർ, പോത്താനിക്കാട്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ ഇരുപത്തിഅഞ്ചിലേറെ കാമറകൾ ശാസ്ത്രീയ പരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിദഗ്ധമായാണ് പ്രതി കേബിളുകൾ മുറിച്ചുമാറ്റിയിരിക്കുന്നത്. കഴിഞ്ഞവർഷം മൂവാറ്റുപുഴ കാവിലെ ജനറേറ്റർ കേബിൾ മോഷ്ടിച്ചതിനും മൂവാറ്റുപുഴയിലെ ബി.എസ്.എൻ.എൽ കെട്ടിടത്തിലെ വിലകൂടിയ ചെമ്പ് വയറുകൾ മോഷ്ടിച്ചതിനും മറ്റൊരു മോഷണത്തിനും ജയിലിൽ കിടന്ന ഇയാൾ ഒന്നരമാസം മുമ്പാണ് പുറത്തിറങ്ങിയത്. ലഹരിവസ്തുക്കൾ വാങ്ങാനും ആർഭാട ജീവിതം നയിക്കാനുമാണ് മോഷണം നടത്തിവന്നിരുന്നത്.
മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ പോത്താനിക്കാട് സ്റ്റേഷൻ എസ്.ഐമാരായ സി.ആർ. രഞ്ജുമോൾ, സിജു ജോസഫ്, പി.വി. എൽദോസ്, കെ.കെ. ബിജു, നിജു കെ. ഭാസ്കർ, സീനിയർ സി.പി.ഒ ബിബിൽ മോഹൻ, സി.പി.ഒ നിയാസുദ്ദീൻ എന്നിവരുമുണ്ടായിരുന്നു.
.jpg)

