മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്താമെന്ന് സർക്കാരിന് എജിയുടെ നിയമോപദേശം
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താമെന്ന് സർക്കാരിന് അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപദേശം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിന് യാതൊരുവിധ തടസവുമില്ലെന്ന് അഡീഷണൽ എജിയുമായും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസുമായും ചർച്ച ചെയ്ത ശേഷം എജി സർക്കാരിനെ അറിയിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി 25 പേജുള്ള കത്തും അനുബന്ധ തെളിവുകളും ഡിജിപിക്ക് കൈമാറിയത്. കെഎംആർഎല്ലിൽ നിന്ന് എക്സാലോജിക് വഴിയും വീണ വിജയന് നേരിട്ടും 3.28 കോടി രൂപ ലഭിച്ചത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് ഇഡി കത്തിൽ ആരോപിക്കുന്നു. കൂടാതെ, മുഹമ്മദ് റിയാസും സുഹൃത്തുക്കളും ചേർന്ന് ഈ പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും ഇഡി പോലീസിന് കൈമാറിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇഡിയുടെ ആവശ്യം.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് രീതിയിൽ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിയമോപദേശം എജി നൽകിയെന്നാണ് റിപ്പോർട്ട്. നിലവിലുള്ള തെളിവുകൾ ശക്തമാണെന്ന് പോലീസിന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാം. അല്ലെങ്കിൽ വിജിലൻസ് മാതൃകയിൽ പ്രാഥമിക അന്വേഷണം നടത്തി, മൊഴികളും തെളിവുകളും ശേഖരിച്ച ശേഷം കുറ്റം നിലനിൽക്കുമെന്ന് ഉറപ്പായാൽ കേസ് രജിസ്റ്റർ ചെയ്യാം. ഇതിൽ ഏത് മാർഗം സ്വീകരിക്കണമെന്ന് പോലീസിന് തീരുമാനിക്കാമെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
അന്വേഷണത്തിന്റെ സ്വഭാവം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാൻ സർക്കാരിൽ ഉന്നതതല ആലോചനകൾ ആരംഭിച്ചതായാണ് വിവരം. ഡൽഹി സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് വൈകുന്നേരത്തോടെ തിരിച്ചെത്തിയ ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടായേക്കും. അതേസമയം, കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ദേശീയ തലത്തിലെ കോൺഗ്രസ് നിലപാടും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുത്താകും രാഷ്ട്രീയ നേതൃത്വം അന്തിമ നിലപാട് സ്വീകരിക്കുക.
.jpg)

