മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിലുള്ള വൈരാഗ്യം ; അയൽവാസിയായ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു

Young man stabs neighbor's relative to death over daughter's refusal to marry him off
Young man stabs neighbor's relative to death over daughter's refusal to marry him off

മംഗലാപുരം: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിൽ അയൽവാസിയായ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. മംഗലാപുരം പതിനാറാം മൈൽ പാട്ടത്തിൽ ഗവ. എൽ.പി സ്കൂളിന് സമീപം ടി.എൻ കോട്ടേജിൽ എ. താഹ (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ പാട്ടത്തിൽ പൊയ്കയിൽ ഷിഹാസ് മൻസിലിൽ റാഷിദിനെ (31) മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തു.

tRootC1469263">

ഭാര്യയോടൊപ്പം താഹ ഈ മാസം 28ന് ഹജ്ജ് കർമത്തിന് പോകാനിരിക്കെയാണ് ദാരുണം സംഭവം. ബുധനാഴ്ച ഉച്ചക്ക് കത്തിയുമായി വീട്ടിനുള്ളിലേക്ക് ഓടികയറിയ റാഷിദ് താഹയെ ആക്രമിക്കുകയായിരുന്നു. താഹക്ക് നേരെയുള്ള ആക്രമണം ഭാര്യ നൂർജഹാൻ തടഞ്ഞു. എന്നാൽ, നൂർജഹാനെ തള്ളിയിട്ട ശേഷമാണ് റാഷിദ് താഹയെ കുത്തി.

വയറിൽ കുത്തേറ്റ താഹ വീടിൻറെ രണ്ടാമത്തെ നിലയിലേക്ക് ഓടികയറിയെങ്കിലും പ്രതി പിന്നാലെ എത്തി വീണ്ടും കുത്തുകയായിരുന്നു. താഹയുടെ വയറ്റിൽ നാലിടത്ത് കുത്തേറ്റത്. തുടർന്ന് കുടൽമാല പുറത്തു ചാടിയിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ താഹ മരിച്ചു.

ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാർ പിടികൂടി മംഗലാപുരം പൊലീസിന് കൈമാറി. താഹയുടെ മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിൻറെ പ്രതികാരത്തിലാണ് ആക്രമിച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. താഹയെ പ്രതി മുമ്പും മർദിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

Tags