ആദ്യവിവാഹം മറച്ചുവെച്ച് വ്യാജരേഖകൾ ഹാജരാക്കി രണ്ടാം വിവാഹം നടത്തി ; 32കാരൻ പിടിയിൽ

NEET leak case: Coaching center owner in Maharashtra arrested

 കൊട്ടാരക്കര: ആദ്യവിവാഹം മറച്ചുവെച്ച് വ്യാജരേഖകൾ ഹാജരാക്കി രണ്ടാം വിവാഹം നടത്തിയെന്ന കേസിൽ എറണാകുളം ചോറ്റാനിക്കര എരുവേലി കായംപിള്ളിയിൽ ഹൗസിൽ ഇന്ദ്രജിത്തിനെ (32) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വാളകം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. താൻ മുൻപ് വിവാഹം കഴിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി കണയന്നൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും പേരിൽ വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

2023 ജൂലൈ 14-ന് ഇടുക്കി സ്വദേശിനിയുമായി സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇന്ദ്രജിത്തിന്റെ ആദ്യവിവാഹം നടന്നിരുന്നു. തുടർന്ന് 2025 ഫെബ്രുവരി ഒന്നിന് എറണാകുളം കുടുംബ കോടതിയുടെ ഉത്തരവിലൂടെ ഈ ബന്ധം നിയമപരമായി വേർപെടുത്തി. എന്നാൽ, വിവാഹാലോചന സമയത്തോ വിവാഹവേളയിലോ മുൻവിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ വാളകം സ്വദേശിനിയോടും വീട്ടുകാരോടും വെളിപ്പെടുത്തിയിരുന്നില്ല. വർക്കല ശിവഗിരിയിലും ആറ്റുകാൽ ക്ഷേത്രത്തിലും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി അവിവാഹിതനാണെന്ന സാക്ഷ്യപത്രമോ വിവാഹമോചന സർട്ടിഫിക്കറ്റോ നൽകേണ്ടതുണ്ടായിരുന്നു. ഇതിനായി യുവാവിനെ വർഷങ്ങളായി അറിയാമെന്നും മുൻപ് വിവാഹം കഴിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ ജനപ്രതിനിധികളുടെ വ്യാജ സത്യവാങ്മൂലം ഇയാൾ ഹാജരാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിവഗിരിയിൽ മാലയിടൽ ചടങ്ങും കഴിഞ്ഞ ജൂലൈ 12-ന് ആറ്റുകാലിൽ വെച്ച് വിവാഹവും നടന്നു.

വിവാഹശേഷം ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതോടെ യുവതിയുടെ വീട്ടുകാർ പ്രതിക്കും ബന്ധുക്കൾക്കുമെതിരെ കൊട്ടാരക്കര പോലീസിൽ സ്ത്രീധനപീഡനത്തിന് പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ മുൻവിവാഹ വിവരങ്ങളും വിവാഹത്തിനായി സമർപ്പിച്ചത് വ്യാജ സത്യവാങ്മൂലമാണെന്നും വ്യക്തമായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് കൊട്ടാരക്കര എസ്.എച്ച്.ഒ ഹേമന്ത് മോഹൻ അറിയിച്ചു.

Tags