വിവാഹ വാഗ്ദാന തട്ടിപ്പ് ; ബി ജെ പി എം പി യുടെ മകനെതിരെ കേസ്

ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ ബി.ജെ.പി എം.പിയുടെ മകനെതിരെ കേസ്. ബെള്ളാരി എം.പി വൈ. ദേവേന്ദ്രപ്പയുടെ മകൻ വൈ.ഡി. രംഗനാഥനെതിരെയാണ് വിജയനഗർ സ്വദേശിനിയായ 24കാരി പരാതി നൽകിയത്.
മൈസൂരു സ്വദേശിയാണ് രംഗനാഥ്. ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് യുവതിക്കെതിരെ ഇയാളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബസവനഗുഡി വനിത പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. 2022 മുതലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഫോൺവഴി രംഗനാഥ് യുവതിയുമായി അടുപ്പം പുലർത്തി. മൈസൂരു പ്രീ യൂനിവേഴ്സിറ്റി കോളജിലെ പ്രഫസറാണെന്നാണ് ഇയാൾ പറഞ്ഞത്.
കഴിഞ്ഞ ജനുവരിയിൽ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഇയാൾ യുവതിയെ മൈസൂരുവിൽ എത്തിച്ച് ഹോട്ടലിൽ മുറിയെടുത്ത് ഒപ്പം താമസിച്ചു. ബംഗളൂരുവിലേക്ക് മടങ്ങിയ യുവതിയെ രംഗനാഥ് പിന്നീട് അവഗണിക്കുകയായിരുന്നു.
ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. വിശ്വാസവഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. ആരോപണത്തിനുള്ള തെളിവുകൾ ഹാജരാക്കാനാവശ്യപ്പെട്ട് യുവതിക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാനായി രംഗനാഥിനും പൊലീസ് നോട്ടീസ് അയച്ചു.