പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമായി വ്യാജ മരുന്ന് നിർമ്മിച്ച രണ്ടു പേർ അറസ്റ്റിൽ

fakemedicine

ഗുരുഗ്രാം: ഡൽഹിയിൽ പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമായി ഉപയോഗിക്കുന്ന പ്രശസ്ത മരുന്നായ 'മൗൻജാരോ'യുടെ വ്യാജ കുത്തിവപ്പുകൾ നിർമ്മിച്ച വൻ റാക്കറ്റ് പുറത്ത്. സംഭവത്തിൽ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ചൈനയിൽ നിന്ന് അസംസ്‌കൃത രാസ വസ്തുക്കൾ ഇറക്കുമതി ചെയ്ത് അവ ഉപയോഗിച്ച് വ്യാജ മരുന്നുകൾ നിർമ്മിച്ച സംഘമാണ് പിടിയിലായത്. 

ഗുരുഗ്രാമിലെ സെക്ടർ 62ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലെ ഫ്‌ലാറ്റിലായിരുന്നു രഹസ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഓൺലൈൻ ബി2ബി പ്ലാറ്റ്‌ഫോമുകളിലൂടെ നിയന്ത്രണവിധേയമല്ലാത്ത രീതിയിൽ മരുന്നുകൾ വിപണനം ചെയ്തിരുന്നുവെന്ന് ഡ്രഗ് കൺട്രോൾ വിഭാഗം വ്യക്തമാക്കി. ഇന്ത്യാമാർട്ട് പോലുള്ള പോർട്ടലുകൾ വഴിയാണ് കുത്തിവപ്പുകൾ വിറ്റഴിച്ചതെന്നാണ് കണ്ടെത്തൽ. അവി ശർമ്മയുടെ നേതൃത്വത്തിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. 

ഇയാൾ ഉൾപ്പെടെ രണ്ടുപേരാണ് നിലവിൽ അറസ്റ്റിലായത്. സംഘത്തിലെ മറ്റ് ആൾക്കാരെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അസംസ്‌കൃത മരുന്ന് ഘടകങ്ങൾ വെള്ളത്തിൽ കലർത്തിയാണ് കുത്തിവപ്പുകൾ തയ്യാറാക്കിയിരുന്നത്. തുടർന്ന് അതേ ഫ്‌ലാറ്റിൽ പാക്കേജിങ്, ബാർകോഡ് ഒട്ടിക്കൽ, ലേബലിങ് എന്നിവയും നടത്തിയിരുന്നു. ഇതിനായി ഉപയോഗിച്ച യന്ത്രങ്ങളും അധികൃതർ പിടിച്ചെടുത്തു. വ്യാജ കുത്തിവപ്പുകളുടെ ബാച്ച് നമ്പറുകൾ രാജ്യത്തെ ആരോഗ്യവകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും ഇതുവഴി കൂടുതൽ സ്‌റ്റോക്കുകൾ കണ്ടെത്താനാകുമെന്നും അധികൃതർ അറിയിച്ചു. രാജ്യവ്യാപകമായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Tags