ബേക്കറി സ്ഥാപനത്തിൻറെ അക്കൗണ്ടിൽനിന്ന് 63.75 ലക്ഷം രൂപ തട്ടിയെടുത്തു ; അക്കൗണ്ടൻറും ഭർത്താവും ഒളിവിൽ
മണ്ണഞ്ചേരി : ബേക്കറി സ്ഥാപനത്തിൻറെ അക്കൗണ്ടിൽനിന്ന് വനിത അക്കൗണ്ടൻറും ഭർത്താവും മറ്റു രണ്ടുപേരും ചേർന്ന് 63.75 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ ദമ്പതികൾ ഒളിവിലാണ്. രണ്ടുപേർ അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 11ാംവാർഡ് വടക്കനാര്യാട് ഇട്ടിയംവെളിയിൽ ചിന്നു (36), ഭർത്താവ് പ്രജീഷ് (44), സ്ഥാപനത്തിൻറെ കണക്കുകൾ നോക്കിയിരുന്ന ആലപ്പുഴയിലെ അക്കൗണ്ടൻറ് ഓഫിസ് ജീവനക്കാരൻ അവലൂക്കുന്ന് കരളകം പാക്കള്ളിചിറയിൽ കണ്ണൻ (29), ബേക്കറിയിലെ ഡ്രൈവർ മാരാരിക്കുളം വടക്ക് പഞ്ചായത്ത് തയ്യിൽവീട്ടിൽ ആൽബിൻ ആൻറണി (36) എന്നിവർ ചേർന്ന് തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. മൂന്നും നാലും പ്രതികളായ കണ്ണനും ആൽബിനും റിമാൻഡിലാണ്.
tRootC1469263">ആലപ്പുഴ ഹിമാലയ ബേക്കറി സ്ഥാപനങ്ങളുടെ കലവൂരിലെ പ്രധാന ശാഖയായ ബേക്ക് ആൻഡ് മോറിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്. ആലപ്പുഴ നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബേക്കറി സ്ഥാപനങ്ങൾ ഉള്ള ഹിമാലയയിൽ 2018 മുതൽ അക്കൗണ്ടൻറായിരുന്ന ചിന്നുവാണ് തട്ടിപ്പിൻറെ മുഖ്യസൂത്രധാരകയെന്നാണ് കണ്ടെത്തൽ. ബേക്കറിയിലേക്ക് അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്ന 19 ഓളം സ്ഥാപനങ്ങൾക്ക് പണം നൽകാനെന്ന പേരിൽ വിതരണക്കാരുടെ സ്ഥാപനങ്ങളുടെ പേരുകൾ എഴുതി ഉടമയിൽനിന്ന് ചെക്ക് ഒപ്പിട്ട് വാങ്ങിയശേഷം സ്വന്തം അക്കൗണ്ട് നമ്പറുകൾ എഴുതിച്ചേർത്ത് തട്ടിപ്പ് നടത്തുന്നതായിരുന്നു രീതി.
2019 മുതൽ ചിന്നു ഇത്തരത്തിൽ തട്ടിപ്പ് നടത്തി വരികയായിരുന്നു. ഭർത്താവ് പ്രജീഷിൻറെ അക്കൗണ്ടിലേക്കും കണ്ണൻറെയും ആൽബിൻറെയും അക്കൗണ്ടിലേക്കുമാണ് പണം മാറ്റിയെടുത്തിരുന്നത്. 2025 ലെ കണക്കെടുപ്പിലാണ് സ്ഥാപനത്തിൻറെ അക്കൗണ്ടിൽനിന്ന് 40 ലക്ഷത്തോളം രൂപ നഷ്ടമായതായി കണ്ടെത്തിയത്. മുൻവർഷങ്ങളിലും ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയിരുന്നെങ്കിലും ചെറിയ തുകയാണെന്ന് കണ്ട് സ്ഥാപന അധികൃതർ കണ്ണടയ്ക്കുകയായിരുന്നു. ഇതാണ് തട്ടിപ്പ് സംഘം മറയാക്കിയത്. കണ്ണൻറെ രണ്ട് അക്കൗണ്ടുകളിലായി 19 ലക്ഷത്തിലധികം രൂപയാണ് ചിന്നു സ്ഥാപനത്തിൽനിന്ന് മാറ്റിനൽകിയത്. ആൽബിൻറെ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷത്തോളം രൂപയും മാറ്റിയെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഇവർ ഉടൻ വലയിലാകുമെന്നും മണ്ണഞ്ചേരി പൊലീസ് പറഞ്ഞു.
.jpg)


