മംഗളൂരുവിൽ ബസ് കാത്തുനിന്ന 17-കാരിയെ കുത്തിവീഴ്ത്തിയ പ്രതി ഒളിവിൽ

crime

 മം​ഗളൂരു: കോളേജിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന 17 വയസ്സുകാരിയായ പി.യു വിദ്യാർത്ഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. മം​ഗളൂരുവിന് സമീപമുള്ള ബണ്ട്വാളിലെ മോണ്ടിമാരു പഡ്പുവിലാണ് സംഭവം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയായ ജവ്വാ‍‍ർ (28) എന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

പരിക്കേറ്റ പെൺകുട്ടിയെ മം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റോപ്പിന് സമീപം പലചരക്ക് കട നടത്തുന്നയാളാണ് പ്രതിയായ ജവ്വാർ. ഇന്ന് രാവിലെ കോളേജിൽ പോകാനായി പെൺകുട്ടി ബസ് സ്റ്റോപ്പിലെത്തിയതായിരുന്നു. വിദ്യാർത്ഥിനി ബസ് കാത്തുനിൽക്കുന്നതിനിടെ കടയിൽ നിന്നിറങ്ങിവന്ന ജവ്വാർ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കുത്തുകയായിരുന്നു. യുവാവിന്റെ അപ്രതീക്ഷിത ആക്രമണം കണ്ട് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റു യാത്രക്കാരും നാട്ടുകാരും ഭയന്ന് ബഹളം വെച്ചു. ആളുകൾ ഒത്തുകൂടാൻ തുടങ്ങിയതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആക്രമണം നടത്താനുണ്ടായ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Tags