വിമാനത്താവളം വഴി ലഹരി ഒഴുകുന്നു; ഗന്ധമില്ലാത്ത മയക്കുമരുന്നുകള്‍ കണ്ടെത്താൻ പ്രയാസം


വലിയ ലഗേജുകള്‍ക്കുള്ളില്‍ ചെറിയ അളവില്‍ കടത്തുന്ന, ഗന്ധമില്ലാത്ത മയക്കുമരുന്നുകള്‍ കണ്ടെത്തുക എളുപ്പമല്ല
കൊണ്ടോട്ടി: ഗന്ധമില്ലാത്ത രാസലഹരിമരുന്നുകള്‍ വിമാനത്താവളങ്ങള്‍വഴി കടത്തുന്നത് കണ്ടുപിടിക്കാന്‍ മാര്‍ഗങ്ങളില്ലാത്തത് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നു. വിമാനത്താവളങ്ങള്‍ വഴിയുള്ള കള്ളക്കടത്ത് തടയുന്നതിന്റെ ചുമതല പ്രധാനമായും കസ്റ്റംസ് വിഭാഗത്തിനാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, ലഗേജുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്താന്‍ കസ്റ്റംസിന് സാധിക്കില്ല.
മുന്‍കൂട്ടി വിവരംലഭിക്കുന്ന കേസുകളിലെ ലഗേജുകളും സംശയമുള്ളവയുമാണ് പരിശോധിക്കുക. വലിയ ലഗേജുകള്‍ക്കുള്ളില്‍ ചെറിയ അളവില്‍ കടത്തുന്ന, ഗന്ധമില്ലാത്ത മയക്കുമരുന്നുകള്‍ കണ്ടെത്തുക എളുപ്പമല്ല. സംശയമുള്ള വസ്തുക്കള്‍ പിടികൂടിയാല്‍ത്തന്നെ പരിശോധിച്ച് ലഹരിമരുന്ന് തന്നെയാണോയെന്ന് പെട്ടെന്ന് ഉറപ്പാക്കാനും സംവിധാനമില്ല.
വിദേശത്ത് കുറഞ്ഞചെലവില്‍ എംഡിഎംഎ ലഭിക്കും. നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തിച്ച് കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്തുന്നുണ്ട്. തായ്ലാന്‍ഡില്‍നിന്ന് വലിയതോതില്‍ എംഡിഎംഎ എത്തുന്നുണ്ട്. ഇതൊക്കെ കടത്തിക്കൊണ്ടുവരാനും എളുപ്പമാണ്.

ഇവിടെനിന്ന് വിദേശത്തേക്കും ലഹരിമരുന്ന് കടത്തുന്നുണ്ട്. ശരീരത്തിനകത്താക്കിയാണ് പ്രധാനമായും ലഹരി കടത്തുന്നത്. ഇതില്‍ ചിലരെല്ലാം പിടിക്കപ്പെട്ട് വിദേശത്ത് ജയിലുകളിലുണ്ട്.