മലപ്പുറത്ത് പൊലീസുകാരന് നേരെ മർദനം ; രണ്ട് പേർ പിടിയിൽ


മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ പൊലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെ പൊലീസുകാരനെ ഇടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കാർ ഓടിച്ചിരുന്ന ഇരിമ്പിളിയം സ്വദേശി അബ്ദുറസാഖ് (38), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ലത്തീഫ് (49) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂടെ കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. പട്ടാമ്പി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിന് പൊലീസ് കൈകാണിച്ചെങ്കിലും ഇവർ നിർത്തിയിരുന്നില്ല. റോഡിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ആർ.പി. മനുവിന്റെ ഇടതുകാലിൽ ഇടിക്കുകയും തുടർന്നും വാഹനം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. കാർ കോഴിക്കോട് റോഡിൽ വളാഞ്ചേരി ഗ്രാന്റ് ബാറിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
