മലപ്പുറത്ത് സ്വർണാഭരണ നിർമാണ ശാലയിൽ ഉടമയേയും മകനേയും ആക്രമിച്ച് കവർച്ച

police

 മലപ്പുറം : കൊണ്ടോട്ടിയിൽ സ്വർണാഭരണ നിർമാണ ശാലയിൽ കവർച്ച. ഉടമയേയും മകനേയും അക്രമിച്ചശേഷം രണ്ടര ലക്ഷം രൂപ കവർന്നു.കവർച്ച നടത്തിയ നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇയാളിൽ നിന്നും കവർച്ച നടത്തിയ പണം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി രാമദാസ് നിഗത്തിൻറെ ഉടമസ്ഥതയിലുള്ള കൊണ്ടോട്ടി തങ്ങൾസ് റോഡിലെ സ്വർണാഭരണ നിർമാണ ശാലയിൽ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് കവർച്ച നടന്നത്. 

കടയടക്കാൻ നേരത്താണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി നാലംഗ സംഘമെത്തിയത്. ഈ സമയം രാമദാസിൻറെ മകനും കടക്കുള്ളിലുണ്ടായിരുന്നു. സംഘം അക്രമിക്കാൻ ശ്രമിച്ചതോടെ രാമദാസും മകനും പുറത്തേക്കോടി. മേശയിലുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ സംഘം കവർന്നു.

പുറത്തേക്കോടിയ രാമദാസ് ബഹളം വെച്ചതോടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും പാഞ്ഞെത്തി സംഘത്തിലെ ഒരാളെ പിടികൂടി. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയായ താനൂർ സ്വദേശി അയൂബാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്നും കവർച്ച നടത്തിയ രണ്ടര ലക്ഷം രൂപയും കണ്ടെടുത്തു.സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

Tags