മലപ്പുറത്ത് മൊബൈൽ കട കുത്തിത്തുറന്ന് മൂന്ന് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഫോണുകൾ മോഷ്ട്ടിച്ചു


മലപ്പുറം: മലപ്പുറത്ത് മൊബൈൽ കട കുത്തിത്തുറന്ന് മോഷ്ടാവ് കവർന്നത് മൂന്ന് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഫോണുകൾ. വളാഞ്ചേരിയിലെ മൊബൈൽ കടയിലാണ് മോഷണം നടന്നത്. പെരിന്തൽമണ്ണ റോഡിൽ ബ്രദേഴ്സ് ഒപ്റ്റിക്കൽസ് ആൻഡ് മൊബൈൽ ഷോറൂമിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു മോഷണം നടന്നത്. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോണുകൾ, ഇയർബഡ്സ് തുടങ്ങിയവ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു.
അതേസമയം പുലർച്ചെ ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് വിവരം. ഷട്ടറിൻറെ പൂട്ട് കട്ടർ ഉപയോഗിച്ച് അറുത്ത് മാറ്റിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. മോഷണം നടന്നതിൻറെ സിസിടിവി ദൃശ്യങ്ങളിൽ മണിക്കൂറുകളോളം മോഷ്ടാവ് കടക്കുള്ളിൽ ഉണ്ടായിരുന്നതായി കണ്ടെത്താനായിട്ടുണ്ട്. ഫോണുകൾ മാറ്റുന്നതും സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
