മലപ്പുറത്ത് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: വിൽപനക്ക് ബൈക്കില്‍ കടത്തിയ 5.9 കി.ഗ്രാം കഞ്ചാവുമായി തിരൂര്‍ ആദര്‍ശേരി ഈങ്ങാപടലില് ജാഫര്‍ അലിയെ(40) പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് അന്തർസംസ്ഥാന തൊഴിലാളികള്‍ മുഖേന വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി ആവശ്യക്കാര്‍ക്ക് വില്പന നടത്തുന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു.
സംഘത്തിലെ ഏജന്റുമാരായ മലയാളികളുള്പ്പടെയുള്ളവരെയും ഇവര്‍ മുഖേന കഞ്ചാവ് വാങ്ങുന്ന ചെറുകിട വില്പനക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആവശ്യക്കാര്‍ക്ക് രണ്ട് കിലോഗ്രാമിന്റെ പാക്കറ്റിന് 35,000 മുതല്‍ 40,000 രൂപവരെ വിലയിട്ട് സ്ഥലത്ത് എത്തിച്ച് കൊടുക്കുന്ന പ്രധാനിയാണ് പിടിയിലായത്.
ഒഡിഷയില്‍നിന്ന് ട്രെയിൻമാർഗം പാലക്കാട്, എറണാകുളം ഭാഗങ്ങളില്‍ എത്തിച്ച് കൊടുക്കുന്ന ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളെകുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. ജാഫര്‍ അലിയെ മുമ്പ് അഞ്ചു കി.ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് എക്സൈസും എം.ഡി.എം.എ ലഹരിമരുന്നുമായി പെരിന്തല്‍മണ്ണ എക്സൈസും അറസ്റ്റ് ചെയ്തിട്ടുണ്ട്.