മലപ്പുറം പെരിന്തൽമണ്ണ മരമില്ല് മാനേജർ വധക്കേസ് ; 18 വർഷത്തിന് ശേഷം അസം അതിർത്തിയിൽ നിന്ന് പ്രതി പിടിയിൽ
നാടിനെ നടുക്കിയ പെരിന്തൽമണ്ണ അക്ബർ സോമിൽ മാനേജർ ബാലകൃഷ്ണനെ ക്രൂരമായി കൊലപ്പെടുത്തി അറക്കപ്പൊടി കുഴിയിൽ കുഴിച്ചുമൂടിയ കേസിൽ 18 വർഷങ്ങൾക്ക് ശേഷം ഒന്നാം പ്രതി പിടിയിൽ. അസമിലെ ദേമാജി ജില്ലയിൽ അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള വിദൂര ഗ്രാമമായ 'ഗോഗമുഖ്' എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ മലപ്പുറം ക്രൈംബ്രാഞ്ച് സംഘം സാഹസികമായി പിടികൂടിയത്.
2007 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെരിന്തൽമണ്ണ മൗലാനാ ആശുപത്രിക്ക് സമീപമുള്ള അക്ബർ സോമില്ലിൽ വെച്ച് മാനേജരായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി മില്ലിലെ അറക്കപ്പൊടി കുഴിയിൽ ഒളിപ്പിക്കുകയായിരുന്നു.
സംഭവത്തിന് തൊട്ടടുത്ത ദിവസങ്ങളിൽ മില്ലിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ അപ്രത്യക്ഷരായി. ഇവർ നൽകിയിരുന്ന വിലാസവും പേരും വ്യാജമാണെന്ന് തെളിഞ്ഞതോടെ പോലീസിന്റെ അന്വേഷണം പ്രതിസന്ധിയിലാവുകയായിരുന്നു.
*വർഷങ്ങളോളം ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതികൾക്കായി വലവീസിയെങ്കിലും ഒളിത്താവളങ്ങൾ ഇടയ്ക്കിടെ മാറിയത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായി. ഒടുവിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയുടെ മേൽനോട്ടത്തിൽ ശാസ്ത്രീയ അന്വേഷണ രീതികളും പുതിയ സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.
*ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലേക്ക് തിരിച്ചത്. ഭാഷാപരമായ പ്രയാസങ്ങളും ഹിമാലയൻ വനാതിർത്തിയോട് ചേർന്നുള്ള പ്രത്യാക്രമണ സാധ്യതകളും അതിജീവിച്ചാണ് മിന്നൽ നീക്കത്തിലൂടെ കേരള പോലീസ് പ്രതിയെ കീഴടക്കിയത്.
18 വർഷം നീണ്ട നിഴൽ നാടകത്തിനൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കാനായതിന്റെ ആശ്വാസത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
.jpg)

