6,000 കോടിയുടെ ‘മഹാദേവ് ബെറ്റിങ് ആപ്പ്’ തട്ടിപ്പ് ; മുഖ്യസൂത്രധാരൻ സൗരഭ് ചന്ദ്രാകർ ഒമാനിൽ പിടിയിൽ
ന്യൂഡൽഹി/മസ്കത്ത്: ക്രിക്കറ്റ്, ടെന്നീസ്, ഫുട്ബാൾ, ബാഡ്മിന്റൺ എന്നിവയുൾപ്പെടെയുള്ള കായിക മത്സരങ്ങളുടെയും തെരഞ്ഞെടുപ്പ് ഫലങ്ങളുടെയും പേരിൽ ഇന്ത്യയിൽ വ്യാപകമായി ഓൺലൈൻ ചൂതാട്ടം നടത്തി 6,000 കോടി രൂപയുടെ ‘മഹാദേവ് ബെറ്റിങ് ആപ്പ്’ തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ സൗരഭ് ചന്ദ്രാകർ ഒമാനിൽ പിടിയിലായതായി ഇന്ത്യൻ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഒമാനിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇയാൾ റോയൽ ഒമാൻ പൊലിസിന്റെ അറസ്റ്റിലായത്.
ഇയാളെ ഇന്ത്യയിലേക്ക് ഉടൻ വിട്ടുനൽകാനുള്ള നയതന്ത്ര നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) വിദേശകാര്യ മന്ത്രാലയവും സംയുക്തമായി ആരംഭിച്ചിട്ടുണ്ട്.. ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് റോയൽ ഒമാൻ പൊലീസ് സൗരഭ് ചന്ദ്രാകറിനെ ജൂൺ അവസാന വാരത്തിൽ കസ്റ്റഡിയിലെടുത്തത്. 2019 മുതൽ ഒളിവിൽ കഴിയുന്ന ഇയാൾ യു.എ.ഇയിൽ 2024ൽ പിടിയിലായിരുന്നു.
എന്നാൽ, ഇയാളെ ഇന്ത്യക്ക് കൈമാറിയിരുന്നില്ല. പിന്നീട്, വിട്ടയക്കുകയും ചെയ്തു. ഒരു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തുനിന്ന് സംഘടിപ്പിച്ച വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചായിരുന്നു ഇയാൾ സഞ്ചരിച്ചിരുന്നത്. ഒമാനും ഇന്ത്യയുംതമ്മിൽ സൗഹൃദപരമായ ബന്ധം തുടരുന്നതിനാൽ സൗരഭിനെ ഉടൻ ശെകമാറുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമെ, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഒമാനിലുണ്ട്.
2019ൽ ദുബൈയിലേക്ക് കടന്ന സൗരഭ് ചന്ദ്രാകറും കൂട്ടാളി രവി ഉപ്പലും ചേർന്നാണ് ഈ ചൂതാട്ട സാമ്രാജ്യം നിയന്ത്രിച്ചിരുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി സാധാരണക്കാരെയും യുവാക്കളെയും ആകർഷിച്ച്, വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയായിരുന്നു പണമിടപാടുകൾ നടത്തിയിരുന്നത്. തുടക്കത്തിൽ ചെറിയ ലാഭം നൽകി വിശ്വസിപ്പിച്ച ശേഷം വലിയ തുക പന്തയം വെക്കുമ്പോൾ സോഫ്റ്റ്‌വെയർ കോഡിംഗിൽ മാറ്റം വരുത്തി പണം പൂർണമായി തട്ടിയെടുക്കുന്നതായിരുന്നു ഇവരുടെ തട്ടിപ്പ് രീതി.
.jpg)

