മദ്യക്കടത്ത് തടയുന്നതിനിടെ പൊലീസുകാരന്റെ മരണം; കേസിൽ എട്ടുപേർ അറസ്റ്റിൽ
മധ്യപ്രദേശിൽ അനധികൃത മദ്യക്കടത്ത് തടയുന്നതിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു. ദേവാസ് പൊലീസ് ഉദ്യോഗസ്ഥനായ ദിലീപ് പുരിയാണ് നവംബർ രണ്ടിന് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. ഗുജറാത്തിലേക്ക് കടത്തുകയായിരുന്ന മദ്യക്കടത്ത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ട്രക്ക് ഇടിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് അനധികൃത മദ്യവ്യാപാരത്തിലൂടെ ലഭിച്ചതെന്ന് കരുതുന്ന 35 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹർദ ജില്ലയിൽ ഏകദേശം 40 കോടി രൂപയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട മദ്യവ്യാപാര ശൃംഖലയെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
പ്രതികളുടെ വാട്സ്ആപ്പ് സംഭാഷണങ്ങൾ പരിശോധിച്ചതിലൂടെ പണം പങ്കിട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
.jpg)

