ലഖ്നോവിൽ ശ്മശാനത്തിൽ അതിക്രമിച്ച് കയറി അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

google news
arrest8

ലഖ്നോ: ശ്മശാനത്തിൽ അതിക്രമിച്ച് കയറി അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വാരണാസി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് മൃതദേഹത്തിനൊപ്പം പ്രതി ഉറങ്ങുന്നത് കണ്ടത്.

മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ കുട്ടിയുടെ ശരീരം അടക്കം ചെയ്യാൻ കുഴിവെട്ടിയ റഫീഖ് (ഛോട്ടു-25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അസുഖത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് കുട്ടി മരണപ്പെട്ടത്. പിന്നാലെ കുട്ടിയെ പ്രദേശത്തെ രേവാരി തലാബിലെ ശ്മശാനത്തിൽ അടക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി കുഴിമാടം തുറക്കുകയും കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിക്കുകയും ഒപ്പം ഉറങ്ങുകയുമായിരുന്നു. പ്രഥമദൃഷ്ട്യാ മൃതദേഹത്തോട് പ്രതി തെറ്റ് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും പരിശോധനയ്ക്ക് അ‍യച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച കുഴിമാടത്തിലെത്തിയ പിതാവാണ് അസ്വാഭാവികത ശ്രദ്ധിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണാതായതായി മനസിലാക്കിയത്.

തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ റഫീഖ് മൃതദേഹത്തോടൊപ്പം ഉറങ്ങുന്നത് കണ്ടെത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags