പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

kottayam-crime

ഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. തെലങ്കാനയിലെ ജഡ്‌ചേർലയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിൽ റിസപ്ഷനിസ്റ്റായ വൈഷ്ണവി(21) എന്ന യുവതിയെ പ്രണയാഭ്യർത്ഥന നടത്തി തേജ എന്ന യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു. യുവതി പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. ശനിയാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈഷ്ണവിയെ പിന്തുടർന്ന തേജ നടുറോഡിൽവെച്ചാണ് ആക്രമിച്ചത്.

ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പിന്നിലൂടെ എത്തിയ പ്രതി കത്തികൊണ്ട് ആക്രമിച്ചു. കഴുത്തറുത്ത് പരിക്കേൽപ്പിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടി. കൈകാലുകൾ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ആൾക്കൂട്ട മർദ്ദനത്തിൽ സാരമായി പരിക്കേറ്റ പ്രതിയെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച്ച രാത്രിയോടെ മരിച്ചു. വൈഷ്ണവിയും തേജയും നേരത്തെ ഒരേ സ്‌കൂളിൽ ജോലി ചെയ്തിരുന്നവരാണ്. അതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. നേരത്തെയും പ്രതിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു.

Tags