ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിയെ അവഗണിച്ച് കെ എസ് ആർ ടി സി ; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ

consumer court

 പത്തനംതിട്ട : ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാരനെ അവഗണിച്ച് സർവീസ് നടത്തിയതിന് കെ എസ് ആർ ടി സി നഷ്ട പരിഹാരം നൽകണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. കെ എസ് ആർ ടി സി ചെയർമാനും മാനേജിങ് ഡയറക്ടറും ചേർന്ന് 35,146 രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്മീഷൻ ഉത്തരവ്. തിരുവല്ല ചാലക്കുഴി മാളിയേക്കൽ ശ്രുതി സൂസൻ ഫിലിപ്പ് നൽകിയ പരാതിയിലാണ് ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്.

കാട്ടാക്കടയിൽ നിന്നും തിരുവല്ല വഴി അമൃത ഹോസ്പ്‌പിറ്റലിലേക്ക് 2024 ആഗസ്റ്റ് മാസം 24-ാം തിയ്യതി ടിക്കറ്റ് ബുക്ക് ചെയ്യുകയും രാവിലെ 7.30 മുതൽ 8.10 വരെ നിന്നിട്ടും ബസ് കാണാതെ വരികയും ചെയ്തു‌. തുടർന്ന് ബസിലെ ക്രൂവിൻ്റെ നമ്പരിൽ വിളിച്ചപ്പോൾ ബസ് കോട്ടയം എത്തിയെന്നറിയിക്കുകയായിരുന്നു.

സ്റ്റേഷൻ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോൾ തിരുവല്ല ഡിപ്പോയിൽ ബസ് ക്രൂ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു. അമൃതയിൽ ശ്രുതി 12.30ന് ഡോക്‌ടറെ കാണാൻ 500 രൂപ അടച്ച് ബുക്ക് ചെയ്‌തിരുന്നു. ഐ ടി ജോലിയിൽ അവധിയെടുത്ത് വന്നതിനാലും ഒരു മണി കഴിഞ്ഞു ചെന്നാൽ ഡോക്ടറെ കാണാൻ പറ്റാത്തതിനാലും ഇവർ ഹോസ്‌പിറ്റലിലേക്കുളള യാത്ര ക്യാൻസൽ ചെയ്‌ത്‌ തിരിച്ച് പോയി. പിന്നീട് വേറെ ദിവസം അവധിയെടുത്ത് പോകേണ്ടി വന്നു. 'ഒറ്റയ്ക്കു യാത്ര ചെയ്യേണ്ടി വന്നതിനാലും സുഖം ഇല്ലാത്തതിനാലുമാണ് കെ എസ് ആർ ടി സി ബസിൽ വിശ്വാസപൂർവ്വം യാത്ര തിരഞ്ഞെടുത്തത്. എന്നാൽ ബസിലെ ക്രൂരമായ ഉത്തരവാദിത്വം ഇല്ലായ്‌മ മൂലം ഡോക്ട‌റെ കാണാൻ പറ്റാതെയായി. ഇതുമൂലം സാമ്പത്തിക പ്രയാസങ്ങളും മാനസിക പ്രയാസവും ഉണ്ടായതായും ശ്രുതി തിരുവല്ല സ്റ്റേഷൻ മാസ്റ്റർക്കും കെ എസ് ആർ ടി സി എം ഡിയ്ക്കും, വകുപ്പ് മന്ത്രിക്കും പരാതി നൽകി. തുടർന്ന് ഈക്കാര്യം ചൂണ്ടിക്കാട്ടി ഉപഭോക് തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.

പരാതി ഫയലിൽ സ്വീകരിച്ച് കമ്മീഷൻ ഇരുകക്ഷികളും ഹാജരാക്കിയ രേഖകൾ പരിശോധിച്ച് ഹരജിക്കാരന്റെ വാദം ശരിയാണെന്ന് കണ്ടെത്തുകയാണ് ഉണ്ടായത്. സീറ്റ് ബുക്ക് ചെയ്ത‌തിന് 146 രൂപയും നഷ്ട‌പരിഹാരമായി 25,000 രൂപയും കോടതി ചിലവിനത്തിൽ 10,000 രൂപയും ചേർത്ത് 35,146 രൂപ കെ എസ് ആർ ടി സി, ശ്രുതിക്ക് നൽകുന്നതിന് കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

Tags