പള്ളിപ്പുറത്ത് കെ.എസ്.ആർ.ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ച സംഭവം : ബസ് ഡ്രൈവർ അറസ്റ്റിൽ

കഴക്കൂട്ടം: പള്ളിപ്പുറം താമരക്കുളത്ത് കെ.എസ്.ആർ.ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ കൊല്ലം മൈലക്കാട് സ്വദേശി അജിത്ത് കുമാറിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി.
അപകടം നടന്ന സ്ഥലം റൂറൽ എസ്.പി ഡി. ശിൽപ സന്ദർശിച്ചു. ഫോറൻസിക് സംഘവും മോട്ടോർ വാഹന വകുപ്പും സ്ഥലത്ത് പരിശോധന നടത്തി. ഇടുങ്ങിയ റോഡിലൂടെ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്നും റൂറൽ എസ്പി പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെ പള്ളിപ്പുറം താമരകുളത്താണ് ദാരുണമായ അപകടം നടന്നത്.
അമിത വേഗതയിൽമറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസ് ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മണമ്പൂർ കാരൂർക്കോണം സ്വദേശി മഹേഷിന്റെ ഭാര്യ അനുവിന്റെ പ്രസവശേഷം എസ്.എ.ടി ആശുപത്രിയിൽ നിന്ന് ഓട്ടോയിൽ മടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
മഹേഷ്, ഭാര്യ അനു, ഇവരുടെ നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞ്, മൂത്ത കുട്ടി വിഥുൻ(അഞ്ച്), അനുവിന്റെ മാതാവ് ശോഭ എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ സുനിൽ (40), ശോഭ (41), മഹേഷിന്റെ നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്.
മഹേഷ് മെഡിക്കൽ കോളജിലും ഭാര്യ അനു, മകൻ വിഥുൻ എന്നിവർ എസ്.എ.ടി ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.