കഞ്ചാവ് വിൽപനക്ക് സൂക്ഷിച്ച കേസിൽ യുവാവിന് അഞ്ചുവർഷം തടവ്


കൊല്ലം: രണ്ടു കിലോ കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കൊട്ടാരക്കര എഴുകോൺ കോട്ടേക്കുന്ന് വീട്ടിൽ സ്റ്റീഫൻ ഫർണാണ്ടസിനെയാണ് കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി വി. ഉദയകുമാർ ശിക്ഷാവിധിയിൽ വ്യക്തമാക്കി.
2020 ജൂലൈ 31ന് രാത്രി ഒന്നിന് പ്രതിയെ കഞ്ചാവുമായി പിടികൂടിയ കേസിലാണ് വിധി. കൊല്ലം-ചെങ്കോട്ട ദേശീയപാതയിലൂടെ പട്രോൾ ഡ്യൂട്ടി ചെയ്തുവന്ന എക്സൈസ് സംഘം കുണ്ടറ മുക്കട ജങ്ഷനിലുള്ള മെഡിക്കൽ സ്റ്റോറിന് സമീപത്ത് സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ കാണുകയും പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ഇതുകൂടാതെ, കഞ്ചാവ് കടത്തിയതിന് നിരവധി കേസുകളിൽ വിചാരണ നേരിട്ടു വരുകയാണ് പ്രതി.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് കോടതിയിൽ ഹാജരായി. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ ക്രിസ്റ്റിൻ, ഗോപകുമാർ, നഹാസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കൊല്ലം അസി.എക്സൈസ് കമീഷണറായിരുന്ന ബി. സുരേഷ് ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
