കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ചു ; എട്ടുപേർ പിടിയിൽ
കൊല്ലം: അഞ്ചാലുംമൂട് കുപ്പണയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ച കേസിൽ എട്ടുപേർ പിടിയിൽ. തൃക്കടവൂർ സ്വദേശികളായ നവീൻ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അച്ചു അശോക് (36), മഹേഷ് (37), സുനീഷ് (36), അരുൺ (45), ശ്യാം (37), ആദർശ് (26), സൂര്യ അജിത്ത് (23), ശ്രീനാഥ് (45) എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുപ്പണ ഗ്രന്ഥശാലയ്ക്ക് മുന്നിലായിരുന്നു സംഭവം. നവീനിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നവീനും ഡൊമിനിക്കും എത്തുന്നതും കാത്ത് പ്രതികൾ ഗ്രന്ഥശാലയ്ക്ക് മുന്നിൽ തമ്പടിച്ചിരിക്കുകയായിരുന്നു. യുവാക്കൾ എത്തിയതോടെ വാഹനത്തിൽ നിന്നിറങ്ങിയ ഒന്നാം പ്രതി അച്ചു അശോക് കമ്പിവടികൊണ്ട് നവീനിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അടി തടയുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഡൊമിനിക്കിന്റെ മൂക്കിന് പരിക്കേറ്റു. മറ്റ് പ്രതികളും ചേർന്ന് ഇരുവരെയും ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. പ്രതികളെയും ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
.jpg)

