കൊല്ലത്ത് പണിയായുധങ്ങളടങ്ങിയ ബാഗ് കവര്‍ന്ന മോഷ്ടാവ് പിടിയില്‍

കുളത്തൂപ്പുഴ: കൈതക്കാട് വീട്ടുമുറ്റത്തുനിന്ന് പണിയായുധങ്ങളടങ്ങിയ ബാഗ് കവര്‍ന്ന സംഭവത്തില്‍ മോഷ്ടാവ് പൊലീസ് പിടിയിലായി. ഇടമണ്‍ 34ല്‍ മംഗലശേരി വീട്ടില്‍ താമസിക്കുന്ന ചിതറ കുറക്കോട് കിഴക്കുംകര പുത്തന്‍ വീട്ടില്‍ അയ്യൂബാണ് (56) പിടിയിലായത്. ഉടമ വീട്ടുമുറ്റത്ത് വെച്ച് ഇരുചക്രവാഹനമെടുക്കാന് പോയ സമയത്താണ് വിലപിടിപ്പുള്ള ഇലക്ട്രിക് പണിയായുധങ്ങളടങ്ങിയ ബാഗ് മോഷണം പോയത്.
ശനിയാഴ്ച രാവിലെ കൈതക്കാട് വെച്ചായിരുന്നു സംഭവം. അന്വേഷണത്തില്‍ ഒരാള്‍ ബൈക്കില്‍ ബാഗുമായി പോകുന്നത് കണ്ടതായി സമീപവാസി നല്കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണ കാമറകള്‍ പരിശോധിച്ചു. തുടർന്ന് ഇടമണ്ണില്നിന്നും എസ്.ഐ ബാലസുബ്രമണ്യം, എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ രതീഷ്, സുജിത്, രമേഷ് എന്നിവരടങ്ങിയ സംഘം അയ്യൂബിനെ പിടികൂടുകയായിരുന്നു.