കൊല്ലത്ത് ഹൈടെക് വാറ്റ് സംഘം പിടിയിൽ

അഞ്ചൽ: വീടിന്റെ രണ്ടാം നിലയിൽ വൻ തോതിൽ വ്യാജചാരായ നിർമാണം നടത്തിവന്ന ഗൃഹനാഥൻ ഉൾപ്പെടെ മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. അഞ്ചൽ അരീപ്ലാച്ചി ചരുവിൽ വീട്ടിൽ ജോസ് പ്രകാശ് (45), ചടയമംഗലം ത്രീസ്റ്റാർ ഹൗസിൽ അനിൽ കുമാർ (33 -സ്പിരിറ്റ് കണ്ണൻ), പോരേടം വെള്ളൂപ്പാറ പടിഞ്ഞാറ്റിൻകര വീട്ടിൽ മണിക്കുട്ടൻ (36) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 1000 ലിറ്റർ കോട, അഞ്ച് ലിറ്റർ വാറ്റ് ചാരായം, ഗ്യാസ് സിലിണ്ടർ, സ്റ്റൗ, പാത്രങ്ങൾ മുതലായവയും പിടിച്ചെടുത്തു. ജോസ് പ്രകാശിന്റെ അരീപ്ലാച്ചിയിലുള്ള വീടിന്റെ മുകൾനിലയിലാണ് വാറ്റ് നടന്നിരുന്നത്.
ആയുർവേദ മരുന്നുകൾ ചേർത്ത് വാറ്റിയെടുത്ത ചാരായവും ഓർഡറനുസരിച്ച് വൻ വിലക്ക് വിൽപന നടത്തിയിരുന്നുവത്രെ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പ്രധാനമായും ഇവരുടെ വ്യാപാരം നടത്തിരുന്നത്. ഓൺലൈൻ വഴിയാണ് കച്ചവടം ഉറപ്പിച്ചിരുന്നത്.
പരിസരവാസികൾ നൽകിയ രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സുദേവൻ, പ്രിവൻറിവ് ഓഫിസർമാരായ എ. അൻസർ, ശ്രീകുമാർ, പ്രദീപ് കുമാർ, അനീഷ്, ഹരിലാൽ, റോബിൻ എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.