കൊല്ലത്ത് ക്ഷേത്ര ജീവനക്കാരനുനേരെ ആക്രമണം : തമിഴ്നാട് സ്വദേശി പിടിയില്‍

കൊല്ലം: ശ്രീകോവിലിലേക്കുള്ള പ്രവേശനം തടഞ്ഞതിന് ക്ഷേത്ര ജീവനക്കാരനെ ആക്രമിച്ച തമിഴ്നാട് സ്വദേശി പിടിയില്‍. നാഗര്‍കോവില്‍, പുണ്യനഗറിൽ യേശുരാജനാണ് (38) വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 10ന് ആനന്ദവല്ലീശ്വരം കടകോല് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വന്ന യേശുരാജന് ശ്രീകോവിലിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ക്ഷേത്ര ജീവനക്കാരനായ കാസർകോട് സ്വദേശി വെങ്കിട രമണഹോള്ള ഇയാളെ തടയുകയും ചെയ്തു. ഇതിന്റെ വിരോധത്തില്‍ യേശുരാജന് ക്ഷേത്ര പൂജക്കായി ഉപയോഗിക്കുന്ന പാത്രവും എണ്ണപ്പാത്രം തുറക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പു കമ്പിയും ഉപയോഗിച്ച് വെങ്കിട രമണയെ തലക്കടിച്ച് പരിക്കേൽപിക്കുകയായിരുന്നു. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
യേശുരാജന് കൊലപാതകക്കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. വെസ്റ്റ് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷെഫീഖ്, എസ്.ഐ അനീഷ്, ലത്തീഫ്, എസ്.സി.പി.ഒ അനില്‍, ദീപു, സെബാസ്റ്റ്യന്‍ സി.പി.ഒ പ്രമോദ്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.