കൊല്ലത്ത് ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

accident-alappuzha

 കൊല്ലം : കല്ലമ്പലത്ത് ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മധുരക്കോട് തിരുവാതിര വീട്ടിൽ ബാബു-അജിത ദമ്പതികളുടെ ഏക മകൻ അരുൺ കൃഷ്ണ (20) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാവായിക്കുളം 28 മൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു യുവാക്കൾ. റോഡിൽ സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പ് ബാരിക്കേഡിൽ നിയന്ത്രണം വിട്ട ബൈക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബാരിക്കേഡ് പൂർണ്ണമായും തകർന്നു. ബൈക്ക് സമീപത്തെ സുരക്ഷാ കമ്പികൾക്കിടയിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. കമ്പികൾക്കിടയിൽ കുടുങ്ങിക്കിടന്ന അരുൺ കൃഷ്ണയെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്, എന്നാൽ അപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു. മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags