കൊളത്തൂരിൽ കാറിൽ രഹസ്യ അറയുണ്ടാക്കി 100 കിലോ ചന്ദനം കടത്താൻ ശ്രമം : രണ്ടുപേര്‍ പിടിയില്‍

കൊളത്തൂർ: അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന 100 കിലോ ചന്ദനവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. അന്തര്‍സംസ്ഥാന ചന്ദനക്കടത്ത് സംഘത്തിൽപ്പെട്ട മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി (42), ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ് (49) എന്നിവരെയാണ് കൊളത്തൂര്‍ സി.ഐ സുനില്‍ പുളിക്കലും സംഘവും അറസ്റ്റ് ചെയ്തത്.
ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് ആഡംബര വാഹനങ്ങളില്‍ രഹസ്യ അറകള്‍ നിര്‍മിച്ച് ചന്ദനമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം വരുത്തി വില്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതില്‍ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കാറിന്റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ചെറിയ കഷണങ്ങളാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറും.