കൊടുങ്ങല്ലൂരിൽ മോഷണക്കേസ് പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് കട കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങളും പണവും കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം സ്വദേശി ശ്രീനാരായണപുരത്ത് ശ്രീജിത്തിനെയാണ് (24) മതിലകം പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിനാണ് എസ്.എൻ പുരത്തെ വിജയ് സ്റ്റോഴ്സ് കുത്തിത്തുറന്ന് സ്റ്റേഷനറി സാധനങ്ങളും 6000 രൂപയും കവർന്നത്.
സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ മതിലകം, പഴയന്നൂർ സ്റ്റേഷനുകളിലും മോഷണക്കേസുണ്ട്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എസ്.ഐ രമ്യ കാർത്തികേയൻ, സീനിയർ സി.പി.ഒ പി.കെ. സൈഫുദ്ദീൻ, സി.പി.ഒ ഷിജു, ഹോം ഗാർഡ് അൻസാരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.