കരുനാഗപ്പള്ളിയിൽ ആശുപത്രിയിൽ അക്രമം നടത്തിയ യുവാക്കൾ അറസ്റ്റിൽ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ അക്രമം നടത്തിയ യുവാക്കൾ പിടിയിൽ. മൈനാഗപ്പള്ളി ഷൈൻ മൻസിലിൽ ഷാനു (25), മൈനാഗപ്പള്ളി തടത്തിൽ പുത്തൻ വീട്ടിൽ ലിജോ (24) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രതികൾ ഇവരുടെ സുഹൃത്തായ നാസിമിന് വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു.
ചികിത്സക്കിടെ, പ്രതികൾ ആശുപത്രി ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും പിടിച്ചുമാറ്റാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ തല്ലുകയുമായിരുന്നു. ഷാനുവിനെതിരെ മോഷണം, മാനഭംഗപ്പെടുത്തൽ തുടങ്ങിയ കേസുകൾ നിലവിലുണ്ട്. ലിജോക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറ് മോഷണക്കേസുകളും മാനഭംഗക്കേസും നർകോട്ടിക് കേസും നിലവിലുണ്ട്. കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ ഷെമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.