ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാത്തയാളെ, സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട്‌ നിരവധി കേസുകളുണ്ടെന്ന പേരിൽ കാപ്പ ചുമത്തി ജയിലലടക്കാനാവില്ല ; ഹൈകോടതി

google news
high court

കൊച്ചി: ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാത്തയാളെ, സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട്‌ നിരവധി കേസുകളുണ്ടെന്ന പേരിൽ കാപ്പ (കേരള ആന്‍റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്‌ -2007) ചുമത്തി ജയിലലടക്കാനാവില്ലെന്ന്​ ഹൈകോടതി. സമൂഹത്തിന്‌ ഭീഷണിയാണെന്ന്‌ കണ്ടെത്തിയാൽ മാത്രമേ കാപ്പ പ്രകാരമുള്ള കുറ്റം ചുമത്തി കരുതൽതടങ്കലിൽ വെക്കാവൂവെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

കാപ്പ ചുമത്തുന്നത്‌ കുറ്റകൃത്യത്തിനുള്ള ശിക്ഷ എന്ന നിലയിലല്ല. ക്രമസമാധാനം സംരക്ഷിക്കാനാണ്​. അല്ലാത്തപക്ഷം ഈ നടപടി നിയമവിരുദ്ധമാണെന്നും ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്‌റ്റിസ്‌ ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി. സ്വകാര്യ വ്യക്തിയുമായുള്ള പ്രശ്‌നങ്ങളുടെ പേരിൽ തിരുവല്ല പൊലീസ്‌ സ്‌റ്റേഷനിൽ എട്ട്​ കേസുകൾ രജിസ്‌റ്റർ ചെയ്‌തതിന്‍റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി യുവാവിനെ തടവിലാക്കിയ നടപടി റദ്ദാക്കിയാണ്‌ ഈ നിരീക്ഷണം.

മതിയായ കാരണമില്ലാതെയാണ്‌ മകനെ കാപ്പ ചുമത്തി തടവിലാക്കിയതെന്നും വിട്ടയക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ട്‌ തിരുവല്ല സ്വദേശി നൽകിയ ഹേബിയസ്‌ കോർപസ്‌ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. സമൂഹത്തിന്‌ ഭീഷണിയാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയാണ്‌ കാപ്പ ചുമത്തി ജയിലിലടക്കുന്നത്​. യുവാവിനെതിരെ ഇത്തരം കേസുകളില്ല. കാരണമില്ലാതെ തടവിൽ പാർപ്പിച്ചത്‌ പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ്‌. യുവാവിനെ തടവിലാക്കിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

Tags