കാഞ്ഞങ്ങാട് സ്കൂട്ടറിൽനിന്നു തള്ളിയിട്ട് പ്രവാസിയെ നടുറോഡിൽ വെട്ടിവീഴ്ത്തി

കാഞ്ഞങ്ങാട്: ഭാര്യക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രവാസിയെ ബൈക്കുകളിലെത്തിയ സംഘം സ്കൂട്ടറിൽനിന്നു തള്ളിയിട്ട് വെട്ടി. കൊടവലത്തെ കെമ്മട്ടയിൽ കെ.വി. ചന്ദ്രനാണ് (47) വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കാലുകൾക്കും കൈക്കും വെട്ടേറ്റു. രണ്ട് ബൈക്കുകളിലായാണ് ആക്രമികൾ വന്നത്. സ്കൂട്ടർ വളഞ്ഞ ശേഷം ചവിട്ടി വീഴ്ത്തിയാണ് കൃത്യം നടത്തിയത്.
ചന്ദ്രനും ഭാര്യ രമ്യയും കാഞ്ഞങ്ങാടുനിന്നു വീട്ടിലേക്ക് മടങ്ങവെ പാണത്തൂർ സംസ്ഥാന പാതയിൽ മാവുങ്കാൽ നെല്ലിത്തറയിലാണ് സംഭവം. ചന്ദ്രനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹോസ്ദുർഗ് എസ്.ഐ. കെ.പി. സതീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. രണ്ടാഴ്ച മുമ്പാണ് ചന്ദ്രൻ ഗൾഫിൽനിന്നു നാട്ടിലെത്തിയത്. ഗൾഫിലെ പ്രശ്നത്തെ തുടർന്നാണ് ആക്രമണമെന്നാണ് സൂചന.