കാഞ്ഞങ്ങാട് തോക്കുചൂണ്ടി ലക്ഷങ്ങൾ കവർന്ന സംഭവം; നാലു പ്രതികൾ പിടിയിൽ


കാഞ്ഞങ്ങാട്: ക്രഷർ മാനേജറുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പ്രതികളെ കർണാടക പൊലീസ് പിടികൂടി. നഷ്ടപ്പെട്ട 10 ലക്ഷത്തിലേറെ രൂപയും കണ്ടെത്തി.
ബിഹാർ സ്വദേശികളായ മുഹമ്മദ് ഇബ് റോൺ ആലം (21), മുഹമ്മദ് മാലിക് (21), മുഹമ്മദ് ഫാറൂഖ് (30), അസം സ്വദേശി ധനഞ്ജയ് ബോറ (22) എന്നിവരാണ് പിടിയിലായത്. മൂന്ന് പ്രതികളെ ബുധനാഴ്ച രാത്രി കർണാടക പൊലീസ് മംഗളൂരുവിൽനിന്ന് പിടികൂടിയതിന് പിന്നാലെ അസം സ്വദേശിയെ കാഞ്ഞങ്ങാട്ടുനിന്ന് ഹോസ്ദുർഗ് പൊലീസും അറസ്റ്റ് ചെയ്യുകയായിരുന്നു. ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റോക്ക് യാർഡിന്റെ മാനേജർ കോഴിക്കോട് മരുതോംകര സ്വദേശി പി.പി. രവീന്ദ്രനെ (56) ആക്രമിച്ച് പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപ കവർന്ന പ്രതികളാണ് രാത്രി വൈകി കർണാടകയിൽ പിടിയിലായത്. ക്രഷർ പൂട്ടി കല്യാൺ റോഡിലെ താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്തുനിൽക്കവെ ബുധനാഴ്ച വൈകീട്ടാണ് കവർച്ചക്കിരയാകുന്നത്.
രവീന്ദ്രനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ചവിട്ടിവീഴ്ത്തി പണം കവർന്ന് കടന്നുകളയുകയായിരുന്നു. ഏച്ചിക്കാനത്തെ കലക്ഷൻ തുകയായ രണ്ടര ലക്ഷം രൂപയും വെള്ളരിക്കുണ്ട് യാർഡിലെ 7,70,000 രൂപയും മൊബൈൽ ഫോണും ഷോൾഡർ ബാഗിൽ സൂക്ഷിച്ചതായിരുന്നു. പിന്നിലൂടെ നടന്നുവന്ന പ്രതികൾ ഷർട്ടിന്റെ കോളറിൽ പിടിച്ചുമുറുക്കി തോക്കുചൂണ്ടി പിന്നീട് ചവിട്ടിവീഴ്ത്തി പണമടങ്ങിയ ബാഗ് കൈക്കലാക്കി കടന്നുകളഞ്ഞു. അൽപമകലെ നിർത്തിയിട്ടിരുന്ന കാറിൽ കയറി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാർ നിർത്തി ട്രെയിൻ മാർഗം മംഗളൂരുവിൽ എത്തുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നേതൃത്വത്തിൽ കർണാടക പൊലീസിന് കൃത്യമായ വിവരം നൽകിയതോടെയാണ് പ്രതികൾ മണിക്കൂറുകൾക്കകം പിടിയിലായത്. നഷ്ടപ്പെട്ട പണം മുഴുവൻ പ്രതികളിൽനിന്ന് കണ്ടെടുക്കാനായതും ആശ്വാസമായി. അന്തർ സംസ്ഥാനക്കാരാണ് പ്രതികളെന്ന് രവീന്ദ്രൻ പൊലീസിനോട് പറഞ്ഞതും പ്രതികൾ സഞ്ചരിച്ച കാറിന്റെ സി.സി.ടി.വി ദൃശ്യം തൊട്ടടുത്തുനിന്നും ലഭിച്ചതും പ്രതികളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് സഹായമായി. മംഗളൂരുവിൽനിന്ന് പ്രതികളെ ഹോസ്ദുർഗ് സ്റ്റേഷനിലെത്തിച്ചു. തോക്ക് കണ്ടെത്താനായിട്ടില്ല. പ്രതികൾ സഞ്ചരിച്ച കാർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തു. എറണാകുളത്തുനിന്നുമുള്ള റെന്റ് എ കാറാണിത്.

അറസ്റ്റിലായ അസം സ്വദേശി ധനഞ്ജയ് ബോറ, രവീന്ദ്രൻ മാനേജറായ ഏച്ചിക്കാനം ക്രഷറിലെ തൊഴിലാളിയാണ്. ഈ പ്രതിയാണ് മറ്റ് പ്രതികൾക്ക് രവീന്ദ്രൻ പണവുമായി പോകുന്നതിന്റെ കൃത്യമായ വിവരം നൽകിയത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.