കാഫിർ സ്ക്രീൻ ഷോട്ട് കേസ് ; ഒരാൾ അറസ്റ്റിൽ
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. ജിതിനെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്നു വീണ്ടും വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ സ്ക്രീൻ ഷോട്ട് ആദ്യം പങ്കുവച്ചത് ജിതിൻ ഭാസ്കറാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. സാമുദായിക ഐക്യം തകർത്ത് കലാപത്തിനുള്ള ശ്രമം, തെളിവ് നശിപ്പിക്കൽ, പ്രേരണ കുറ്റം തുടങ്ങിയ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കാഫിർ പ്രയോഗം സൈബർ ഇടത്തിൽ പ്രചരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലീമായും ഇടതുപക്ഷ സ്ഥാനാർഥി കെ.കെ ഷൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു നവമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിച്ചത്. വാട്സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടാണ് തിരഞ്ഞെടുപ്പ് തലേദിവസം മുതൽ സംസ്ഥാന വ്യാപകമായി പ്രചരിച്ചത്.
യൂത്ത് ലീഗ് നേതാവ് പി.കെ കാസിമിന്റെ പേരിലായിരുന്നു സന്ദേശം പ്രചരിച്ചത്. എന്നാൽ ഇത് കൃത്രിമമായി നിർമിച്ചതാണെന്നും വിവാദ സ്‌ക്രീൻ ഷോട്ടിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസിം പൊലീസിൽ പരാതി നൽകി. എന്നാൽ കാസിമിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിൽ, ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണ് പോസ്റ്റ് സൃഷ്ടിച്ചതെന്ന നിഗമനത്തിലാണ് എസ്ഐടി.
.jpg)

