തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ

ആറ്റിങ്ങൽ : കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ. ചിറയിൻകീഴ്, ആറ്റിങ്ങൽ, കടയ്ക്കാവൂർ, വർക്കല, അഞ്ചുതെങ്, കൊട്ടിയം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ കടയ്ക്കാവൂർ തോപ്പിൽ പാലത്തിനുസമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ ഓട്ടോ ജയൻ എന്ന ജയനെയാണ് (42) ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചാലുംമൂട് സ്വദേശി അനസിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ 11ന് വൈകീട്ട് 5.30നാണ് പ്രതിയായ ജയന്റെ വീടിന് സമീപത്തുവെച്ച് സുഹൃത്തുമായി സംസാരിച്ചുനിന്ന അനസിനെ വെട്ടിയത്. തലയ്ക്കും കൈക്കും പരിക്കേറ്റ അനസ് തിരുവന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുള്ളതായി റൂറൽ എസ്.പി ശില്പക്ക് രഹസ്യവിവരം ലഭിച്ചു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ടി. ജയകുമാറിന്റെ മേൽനോട്ടത്തിൽ ചിറയിൻകീഴ് എസ്.ഏച്ച്.ഒ ജി.ബി. മുകേഷ്, എസ്.ഐമാരായ എം.എൽ. അനൂപ്, മനോഹർ, എ.എസ്.ഐ ഷജീർ, ബിനു, മനോജ് മണിയൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.