നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ

പുതുശ്ശേരി: ഗ്രേറ്റ് ബി ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനം വഴി ചന്ദ്രനഗർ സ്വദേശിനിയായ മധ്യവയസ്കയിൽനിന്ന് അൻപത് ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. തൃശൂർ വരന്തരപ്പിള്ളി നന്ദിപുലം കുമരഞ്ചിറ മഠംവീട്ടിൽ ശ്രീനാഥിനെയാണ് (31) കസബ പൊലീസ് ചെന്നെയിലെത്തി അറസ്റ്റ് ചെയ്തത്.
ഇയാൾ സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് പറഞ്ഞു. നിക്ഷേപ തുകയുടെ അഞ്ചുശതമാനം ലാഭ വിഹിതം മാസം തോറും നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം സ്വീകരിച്ചത്.
പറഞ്ഞ പ്രകാരം ലാഭ വിഹിതം കൊടുക്കാതെയും നിക്ഷേപിച്ച പണം തിരിച്ച് നൽക്കാതെയും ചെയ്തതിനെ തുടർന്നാണ് നിക്ഷേപകർ പോലീസിൽ പരാതി നൽകിയത്. കസബ പൊലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർമാരായ സി.കെ. രാജേഷ്, ഷാഹുൽ ഹമീദ്, രമേഷ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ്, പ്രിൻസ് മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.