ബ്രിട്ടനിൽ 24-കാരിയായ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; ഭർത്താവിനും കുത്തേറ്റു
ബ്രിട്ടനിൽ ഇന്ത്യൻ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി. പഞ്ചാബ് സ്വദേശിനിയായ കിരൺദീപ് കൗർ (24) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ കിരൺദീപിന്റെ ഭർത്താവിനെ വീടിന് പുറത്ത് കുത്തേറ്റ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 44-കാരനായ ഡാനിയേൽ സീൻ ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്.
വെസ്റ്റ് ലണ്ടനിലെ ഹയേസിലാണ് കിരൺദീപും ഭർത്താവും താമസിച്ചിരുന്നത്. ആഴ്ചകൾക്ക് മുൻപായിരുന്നു കിരൺദീപിന്റെ പ്രസവം. യുവതി കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതി അകത്തുകയറി ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ആഴ്ചകൾ മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞിന്റെ നില നിലവിൽ എങ്ങനെയുണ്ടെന്ന ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. നടന്നത് ആസൂത്രിതമായ വംശീയ ആക്രമണം ആണെന്ന് കിരൺദീപിന്റെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, നിലവിൽ വംശീയ അധിക്ഷേപത്തിന്റെയോ ആക്രമണത്തിന്റെയോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.
രണ്ട് വർഷം മുൻപ് സ്റ്റുഡന്റ് വിസയിലാണ് കിരൺദീപ് കൗർ ഉപരിപഠനത്തിനായി യുകെയിലേക്ക് പോയത്. പഠനം പൂർത്തിയാക്കിയ ശേഷം വർക്ക് പെർമിറ്റ് നേടി അവിടെത്തന്നെ ജോലി ചെയ്തുവരികയായിരുന്നു. മകളുടെ അപ്രതീക്ഷിത വേർപാടിൽ തകർന്നുപോയ മാതാപിതാക്കൾ, കിരൺദീപിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തര സഹായം നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രതിക്ക് പരമാവധി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
.jpg)

