വെടിവെപ്പിൽ പരിക്കേറ്റ യുവതിക്ക് ഇന്ത്യയുടെ കൈത്താങ്ങ്; അടിയന്തര ശസ്ത്രക്രിയയ്ക്കായി 13 അംഗ മെഡിക്കൽ സംഘം മൗറീഷ്യസിലെത്തി
മൗറീഷ്യസിൽ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ 27കാരിക്ക് ചികിത്സ നൽകാൻ ഇന്ത്യയിൽ നിന്ന് 13 അംഗ മെഡിക്കൽ സംഘം എത്തി. എലോഡി തോമസ് എന്ന യുവതിയുടെ നില ഗുരുതരമായതിനെത്തുടർന്നാണ് ഇന്ത്യയുടെ സഹായം തേടിയത്. അഞ്ചു ഡോക്ടർമാർ ഉൾപ്പെടുന്ന സംഘമാണ് അടിയന്തരമായി മൗറീഷ്യസിലേക്ക് യാത്ര തിരിച്ചത്.
ഇന്ത്യയിലെ ആശുപത്രിയിലേക്ക് യുവതിയെ മാറ്റുന്നത് അപകടസാധ്യതയുള്ളതിനാൽ അവിടെവെച്ചുതന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. മൗറീഷ്യസിലെ ഡോക്ടർമാരുമായി സഹകരിച്ചാണ് ഇന്ത്യൻ വിദഗ്ധസംഘം ചികിത്സാ നടപടികൾക്ക് നേതൃത്വം നൽകിയത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട വെടിവെപ്പാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വെടിവെപ്പിനെ തുടർന്ന് മൗറീഷ്യസിൽ പ്രതിഷേധങ്ങളും റോഡ് ഉപരോധങ്ങളും പൊലീസ് സ്വത്തുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സമീപകാലത്തെ ഏറ്റവും ഗുരുതരമായ ആഭ്യന്തര സംഘർഷങ്ങളിലൊന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്. അടിയന്തരസഹായം നൽകിയ ഇന്ത്യൻ മെഡിക്കൽ സംഘത്തെ മൗറീഷ്യസിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അഭിനന്ദിച്ചു.
.jpg)

