പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ് : പ്രതിക്ക് ജീവപര്യന്തം

COURT
COURT

ഡൽഹി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. അയൽക്കാരനായ 35 വയസുള്ള യുവാവ് ക്രൂരമായാണ് പീഡിപ്പിച്ചത്. ഡൽഹിയിലെ തീസ് ഹസാരീസ് കോടതി ജഡ്ജി ബബിത പൂനിയ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2024 ൽ ഡൽഹിയിലെ വിഹാർ പൊലീസ് സ്റ്റേഷനിൽ പോക്സോ പ്രകാരം രജിസ്ട്രർ ചെയ്ത കേസിലാണ് വ്യാഴാഴ്ച വിധി വന്നത്.

ഇയാൾ തുടർച്ചയായി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതായി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. എന്നാൽ വാദത്തിലുടനീളം പ്രതി പീഡനാരോപണം നിഷേധിക്കുകയായിരുന്നു. പ്രതിയുടെ ഭാഗത്ത് നിന്ന് പശ്ചാത്താപം പോലും ഉണ്ടാകാത്തത് കോടതിയെ ആശ്ചര്യപ്പെടുത്തി.

'നിരപരാധിയും നിസ്സഹായയുമായ ഒരു കുട്ടിയാണ് ഇരയാക്കപ്പെട്ടത്. അവൾ അമ്മാവൻ എന്ന് വിളിച്ചിരുന്ന ആൾ അവളുടെ വിശ്വാസ്യത തകർത്തു.  ഇന്ത്യൻ സാഹചര്യത്തിൽ മാതാപിതാക്കൾ എവിടേക്കെങ്കിലും പോകുമ്പോൾ അവർ അയൽക്കാരോട് കുട്ടികളെ ശ്രദ്ധിക്കാൻ പറയും. ഇവിടെ കുറ്റവാളി തൻറെ അയൽക്കാരെ വഞ്ചിക്കുകയും വിശ്വാസം ലംഘിക്കുകയും ചെയ്തു' എന്ന് കോടതി നിരീക്ഷിച്ചു.

ശിക്ഷയിൽ ഇളവു നൽകണമെന്നും യുവാവിന് വൃദ്ധയായ അമ്മയും, ഭാര്യയും, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതിഭാഗത്തിൻറെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.
 

Tags